നിർമിതബുദ്ധി ലോകമെമ്പാടുമുള്ള തൊഴിൽവിപണിയെ അതിവേഗം പുനർനിർവചിക്കുകയാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ, പ്രത്യേകിച്ച് ജനറേറ്റീവ് എഐ സാങ്കേതികവിദ്യ വ്യാപകമായതോടെ, തൊഴിൽദാതാക്കൾ ഉദ്യോഗാർഥികളിൽ തേടുന്ന യോഗ്യതകളിൽ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്.
പ്രമുഖ ജോബ് - സീക്കിംഗ് പ്ലാറ്റ്ഫോമായ foundit-ന്റെ റിപ്പോർട്ട് (ജനുവരി 2026) പ്രകാരം ഇന്ത്യയിലെ തൊഴിൽ വിപണിയിൽ 2025ൽ ഏകദേശം 2.9 ലക്ഷം എഐ അധിഷ്ഠിത തസ്തികകൾ സൃഷ്ടിക്കപ്പെട്ടെങ്കിൽ, 2026ൽ അത് ഏകദേശം 3.8 ലക്ഷത്തിലേക്ക് ഉയരുമെന്നാണ് സൂചിപ്പിക്കുന്നത്. അതായത്, 32% വാർഷിക വളർച്ച. എന്നാൽ ഈ അവസരം കേരളത്തിലെ വിദ്യാർഥികൾക്ക് യഥാർഥത്തിൽ പ്രയോജനപ്പെടണമെങ്കിൽ, പരമ്പരാഗതമായി നാം വിലയിരുത്തുന്ന രണ്ട് പ്രധാന ഘടകങ്ങളായ നൈപുണ്യം, പരിചയസമ്പത്ത് എന്നിവയെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകൾ മാറ്റേണ്ടതുണ്ട്.
തൊഴിൽ വിപണിയിലെ ഈ മാറ്റങ്ങൾ മനസിലാക്കുന്നതിലുണ്ടായ ധാരണക്കുറവ് നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. 2024ലെ പ്രവേശന കണക്കുകൾ പ്രകാരം സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ 41% ബിരുദ സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ് (മുൻ വർഷത്തേക്കാൾ നാലു ശതമാനം അധികം). ഗണിതം, ഭൗതികശാസ്ത്രം തുടങ്ങിയ അടിസ്ഥാന ശാസ്ത്ര വിഷയങ്ങളും ബിഎസ്സി, ബികോം കോഴ്സുകളുമാണ് ഇതിൽ ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ടത്. ശ്രദ്ധേയമായ കാര്യം, എഐ കാലഘട്ടത്തിൽ തൊഴിൽ വിപണി ഏറ്റവുമധികം പുതിയ നൈപുണ്യം ആവശ്യപ്പെടുന്ന അതേ മേഖലകളാണ് ഇവയെന്നതാണ്.
കാലഹരണപ്പെട്ട പാഠ്യപദ്ധതിയും ദുർബലമായ പ്ലേസ്മെന്റ് സൗകര്യങ്ങളും ഈ കോഴ്സുകൾ പുതിയ കാലത്തെ നൈപുണ്യങ്ങളിലേക്കോ തൊഴിലവസരങ്ങളിലേക്കോ നയിക്കില്ല എന്ന ധാരണ വിദ്യാർഥികളിൽ ശക്തിപ്പെടുത്തുന്നു. കേരളത്തിൽ മൂന്നിൽ രണ്ട് വിദ്യാർഥികളും ജോലി ലഭിച്ചാൽ വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നത് ഇതിന്റെ നേർസാക്ഷ്യമാണ്. എഐ കാലഘട്ടം ആവശ്യപ്പെടുന്ന നൈപുണ്യവും പരിചയസമ്പത്തും നൽകാൻ നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന് ഇനിയും കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർഥ്യം.
നൈപുണ്യവും പരിചയസമ്പത്തും
നൈപുണ്യം എന്നത് "എങ്ങനെ ചെയ്യണം' എന്ന അറിവാണ്. ഒരു സാധ്യതയായി എപ്പോഴും കൂടെയുള്ള ഒരു കഴിവ്. എന്നാൽ പരിചയം എന്നത് കാലവുമായി, ജീവിതാനുഭവങ്ങളുമായി ബന്ധപ്പെട്ടതാണ്.
പരമ്പരാഗതമായി, ഒരു ജോലിക്ക് അപേക്ഷിക്കുമ്പോൾ തൊഴിൽദാതാക്കൾ പ്രധാനമായും നോക്കിയിരുന്നത് അക്കാദമിക് ബിരുദവും വർഷങ്ങളോളമുള്ള മുൻകാല ജോലിപരിചയവുമാണ്. എന്നാൽ എഐ സാങ്കേതികവിദ്യ അതിവേഗം മാറുന്ന ഇക്കാലത്ത് ഒരു ഉപകരണത്തിലോ രീതിയിലോ വർഷങ്ങളോളം പ്രവർത്തിച്ചു നേടുന്ന "പരിചയം' വേഗത്തിൽ കാലഹരണപ്പെടുന്നു. "എത്ര കാലം ജോലി ചെയ്തു' എന്നതിനേക്കാൾ "എന്ത് ചെയ്യാൻ കഴിയും' എന്നതാണ് പുതിയ മാനദണ്ഡം. ഇതിന്റെ അടിസ്ഥാനത്തിൽ ഗൂഗിൾ, ഐബിഎം, ആപ്പിൾ തുടങ്ങിയ ആഗോള കമ്പനികൾ പല തസ്തികകളിൽനിന്നും നിർബന്ധിത ബിരുദ യോഗ്യത നീക്കം ചെയ്യുകയും പോർട്ട്ഫോളിയോ, സർട്ടിഫിക്കേഷൻ, പ്രായോഗിക പരീക്ഷകൾ എന്നിവയിലൂടെ ഉദ്യോഗാർഥികളെ നേരിട്ട് വിലയിരുത്തുകയും ചെയ്യുന്നു.
നൈപുണ്യത്തിന് മുൻഗണന ലഭിക്കുന്നതിന്റെ കാരണങ്ങൾ
നേരിട്ടുള്ള മൂല്യനിർണയം: പ്രോജക്ടുകൾ, ഹാക്കത്തണുകൾ, പ്രാക്ടിക്കൽ ടാസ്കുകൾ എന്നിവയിലൂടെ ഉദ്യോഗാർഥിയുടെ യഥാർഥ കഴിവ് ചുരുങ്ങിയ സമയത്തിനുള്ളിൽ കണ്ടെത്താൻ കമ്പനികൾക്ക് സാധിക്കുന്നു.
അതിവേഗ സാങ്കേതിക മാറ്റം: കോളജ് പാഠ്യപദ്ധതികളേക്കാൾ വേഗത്തിൽ സാങ്കേതികവിദ്യ മാറുന്നതിനാൽ, സ്വയം പഠിക്കാനും പൊരുത്തപ്പെടാനുമുള്ള കഴിവാണ് പ്രധാനം.
പ്രതിഭാ വിടവ്: 42% റിക്രൂട്ടിംഗ് മാനേജർമാരും അനുയോജ്യരായ ആളുകളെ കിട്ടാതെ ബുദ്ധിമുട്ടുന്നതിനാൽ പരമ്പരാഗത യോഗ്യതകൾക്കപ്പുറത്തേക്ക് അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇതിനർഥം ബിരുദമോ പരിചയമോ ഇനി പ്രസക്തമല്ല എന്നല്ല. ആരോഗ്യം, നിയമം, എൻജിനിയറിംഗ് പോലുള്ള നിയന്ത്രിത മേഖലകളിൽ ഔപചാരിക യോഗ്യത ഇപ്പോഴും അനിവാര്യമായി തുടരുന്നു.
ഇന്ത്യയിലെ എഐ തൊഴിലവസരങ്ങൾ
ഉയർന്ന ശമ്പളം: പൈത്തൺ, ആർഎജി പൈപ്പ് ലൈൻസ്, പ്രോജക്ട് പരിചയം എന്നിവയുള്ള ഫ്രഷർമാർക്ക് ജനറേറ്റീവ് എഐ മേഖലയിൽ തുടക്കത്തിൽത്തന്നെ എട്ടു മുതൽ 15 ലക്ഷം രൂപ വരെ വാർഷിക വേതനം ലഭിക്കുന്നുണ്ട്.
നോൺ-ടെക് അവസരങ്ങൾ: എഐ പ്രോഡക്ട് മാനേജർ, ബിസിനസ് അനലിസ്റ്റ്, എഐ കൺസൾട്ടന്റ് തുടങ്ങിയ സാങ്കേതിക വിദ്യയും വിഷയാധിഷ്ഠിത അറിവും സംയോജിപ്പിക്കുന്ന തസ്തികകൾക്ക് വലിയ ഡിമാൻഡുണ്ട്.
വിവിധ മേഖലകൾ: ഐടി (37%), ബാങ്കിംഗ്-ധനകാര്യം (15.8%), ആരോഗ്യം - ഫാർമസ്യൂട്ടിക്കൽ, റീട്ടെയ്ൽ, ലോജിസ്റ്റിക്സ് എന്നിവയിലെല്ലാം എഐ സാധ്യതകൾ വളരുന്നു.
ഗിഗ് ഇക്കോണമി: നിതി ആയോഗിന്റെ കണക്കനുസരിച്ച് 2029-30 ഓടെ ഇന്ത്യയിലെ ഗിഗ് തൊഴിലാളികളുടെ എണ്ണം 2.35 കോടിയാകും. നാട്ടിലിരുന്നുതന്നെ അന്താരാഷ്ട്ര കമ്പനികൾക്ക് ജോലി ചെയ്യാനുള്ള വലിയ വാതിലാണ് ഇത് തുറക്കുന്നത്.
വിദേശത്തെ അവസരങ്ങൾ
വിഷൻ 2030ന്റെ ഭാഗമായി 20,000 കോടി ഡോളറിന്റെ എഐ നിക്ഷേപമാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. ഇത് ഡാറ്റാ അനലിസ്റ്റുകൾക്കും ഡിജിറ്റൽ കൺസൾട്ടന്റുകൾക്കും പുതിയ അവസരങ്ങൾ നൽകുന്നു.
എഐ ഉപകരണങ്ങൾ ഉപയോഗിച്ച് കണ്ടന്റ്, ഡിസൈൻ, അനലിറ്റിക്സ്, കൺസൾട്ടിംഗ് ജോലികൾ ചെയ്യുന്ന ഫ്രീലാൻസർമാർക്ക് വിദേശ ക്ലയന്റുകളുമായി നേരിട്ട് പ്രവർത്തിക്കാൻ കഴിയുന്ന റിമോട്ട് വർക്ക് സാധ്യതകളും വർധിച്ചുവരികയാണ്. ശാരീരികമായി കുടിയേറേണ്ട ആവശ്യമില്ലാതെതന്നെ ആഗോള വരുമാനം നേടാൻ ഇത് സഹായകമാകുന്നു.
നമ്മൾ ചെയ്യേണ്ടത്
സമാന്തര നൈപുണ്യ വികസനം: ബിരുദം ഏതുമാകട്ടെ, അതിനൊപ്പം എഐ സാക്ഷരത, ഡാറ്റാ വിശകലനം തുടങ്ങിയ പ്രാക്ടിക്കൽ സ്കില്ലുകൾ നേടുക. ഇത് ഏതൊരു വിഷയത്തിൽ ബിരുദമെടുക്കുന്ന വിദ്യാർഥിക്കും തൊഴിൽ വിപണിയിൽ മത്സരക്ഷമത നൽകും.
ഇന്റേൺഷിപ്പുകളുടെ ഗുണനിലവാരം: ഇന്റർസ്റ്റേറ്റ്/അന്തർദേശീയ ഇന്റേൺഷിപ്പുകൾക്കായി പ്രത്യേക സ്കോളർഷിപ്പുകൾ, യാത്രാ/താമസ സഹായങ്ങൾ എന്നിവ നൽകി സാമ്പത്തിക തടസങ്ങൾ കുറയ്ക്കണം.
ബ്രെയിൻ ഗെയിൻ: വിദേശത്തു പോകുന്നവരെയും പഠിക്കുന്നവരെയും തിരികെ നാട്ടിലെത്തിച്ച് അവരുടെ അറിവ് നാടിന് പ്രയോജനപ്പെടുത്തുന്ന നയരൂപീകരണം നടത്തുക.
അടിസ്ഥാന ശാസ്ത്രവിഷയങ്ങളുടെ വീണ്ടെടുപ്പ്: ഗണിതം, ഭൗതികശാസ്ത്രം തുടങ്ങിയ വിഷയങ്ങളെ എഐ, ഡാറ്റാ സയൻസ് മേഖലകളുമായി ബന്ധിപ്പിച്ച് അവയുടെ പ്രായോഗിക സാധ്യതകൾ രക്ഷിതാക്കളെയും വിദ്യാർഥികളെയും ബോധ്യപ്പെടുത്തുക.
എഐ അക്കാദമിക ക്ലസ്റ്ററുകൾ: ടെക്നോ പാർക്ക്, ഇൻഫോ പാർക്ക് എന്നിവ കേന്ദ്രീകരിച്ച് എഐ വ്യവസായ-പഠന ക്ലസ്റ്ററുകൾ വികസിപ്പിക്കുക.
അധ്യാപകർതന്നെ മുൻകൈയെടുത്ത് വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പ് അവസരങ്ങൾ കണ്ടെത്തി ക്രമീകരിക്കേണ്ടതും അനിവാര്യമാണ്. നിർമിതബുദ്ധി സൃഷ്ടിക്കുന്ന തൊഴിൽ വിപ്ലവം വലിയൊരു അവസരമാണ്. ബിരുദ സർട്ടിഫിക്കറ്റിനെ മാത്രം ആശ്രയിക്കാതെ തുടർച്ചയായി പുതിയ കാര്യങ്ങൾ പഠിച്ചെടുക്കുന്ന ഒരു നൈപുണ്യ സംസ്കാരം നമ്മൾ വളർത്തിയെടുക്കണം.